
51 വയസ്സിലും സ്ക്രീനിൽ തിളങ്ങുന്ന ഹൃത്വിക് റോഷന്റെ ഫിറ്റ്നസ് നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സിനിമയെപ്പോലെതന്നെ ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ ബോളിവുഡ് താരത്തിന്റെ ആരോഗ്യരഹസ്യം.
ആഴ്ചയിൽ അഞ്ച് ദിവസം വ്യായാമം ചെയ്യുന്ന ഹൃത്വിക്, തുടർച്ചയായി രണ്ട് ദിവസം വ്യായാമം ചെയ്ത ശേഷം ഒരു ദിവസം വിശ്രമം എന്ന രീതിയാണ് പിന്തുടരുന്നത്. കാർഡിയോ വ്യായാമങ്ങൾ, ക്രോസ്ഫിറ്റ് പരിശീലനം, ഭാരോദ്വഹനം, എയ്റോബിക്സ്, നീന്തൽ, ജോഗിങ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ വ്യായാമത്തിൽ ഉൾപ്പെടുന്നു. ദിവസവും 30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
ദിവസവും മൂന്നല്ല, ഏഴ് നേരമാണ് ഹൃത്വിക് ഭക്ഷണം കഴിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും പ്രോട്ടീൻ ലഭിക്കാനും ഇത് സഹായിക്കുന്നു. മുട്ടയുടെ വെള്ള, ചിക്കൻ, മത്സ്യം എന്നിവയ്ക്കൊപ്പം ഓട്സ്, മധുരക്കിഴങ്ങ്, ചോറ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകളും അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിലുണ്ട്. മുട്ടയുടെ വെള്ളയും അവക്കാഡോയും കഴിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നത്. സലാഡുകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധിക്കുന്നു.
ദിവസവും അഞ്ച് ലിറ്റർ വെള്ളം കുടിക്കുന്ന ഹൃത്വിക്, ഉറക്കത്തിനും വലിയ പ്രാധാന്യം നൽകുന്നു. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്.