
എല്ലാ വർഷവും ഓഗസ്റ്റ് 10 ദേശീയ മടിയന്മാർക്കുള്ള ദിനമായി ആചരിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ദിവസം മാറിനിന്ന് വിശ്രമിക്കുന്നതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ഈ ദിനാചരണത്തിന്റെ ഉത്ഭവം അമേരിക്കയിലാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ആരാണ് ഇത് ആരംഭിച്ചതെന്നോ എപ്പോൾ തുടങ്ങിയെന്നോ വ്യക്തമായ രേഖകളില്ല. തമാശയായി പറയപ്പെടുന്നത്, ഇതിന്റെ ഉപജ്ഞാതാക്കൾ ചരിത്രം രേഖപ്പെടുത്താൻ പോലും മടി കാണിച്ചു എന്നാണ്. സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഈ ദിനത്തിന് ലോകമെമ്പാടും പ്രചാരം ലഭിച്ചത്.
പൊതുവെ മടിയെ ഒരു മോശം കാര്യമായി കണക്കാക്കാറുണ്ടെങ്കിലും, വിശ്രമമില്ലാത്ത ഓട്ടപ്പാച്ചിലിനിടയിൽ ഒരു ദിവസം ഒന്നും ചെയ്യാതെയിരിക്കുന്നത് ശരീരത്തിനും മനസ്സിനും ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു.
വിശ്രമത്തിൻ്റെ പ്രാധാന്യം
ഇടയ്ക്ക് ഒരു ദിവസം പൂർണ്ണമായി വിശ്രമിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്:
ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു ആവശ്യത്തിന് വിശ്രമമില്ലായ്മ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ തൊഴിലിടത്തിലെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. അതിനാൽ, ഇടവേളകൾ എടുക്കുന്നത് ജോലിയോടുള്ള മടുപ്പ് കുറയ്ക്കുകയും കൂടുതൽ ശ്രദ്ധയോടെ ജോലിയിൽ മുഴുകാൻ സഹായിക്കുകയും ചെയ്യും.
ഊർജ്ജസ്വലത കൂട്ടുന്നു എല്ലാ ദിവസവും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ശരീരത്തെയും തലച്ചോറിനെയും തളർത്തും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാനസികാരോഗ്യത്തെയും മോശമായി ബാധിക്കാം. ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ വിശ്രമം തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഉഷാറാക്കാൻ സഹായിക്കുന്നു.
സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നു അമിതമായ ജോലിഭാരം പലപ്പോഴും വ്യക്തികളുടെ സർഗ്ഗാത്മകമായ കഴിവുകളെ ഇല്ലാതാക്കും. നല്ല ഉറക്കവും വിശ്രമവും സർഗ്ഗാത്മകമായ ചിന്തകൾക്ക് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ലഭിക്കുന്ന വിശ്രമം മനോബലം വർദ്ധിപ്പിക്കുകയും പുതിയ ആശയങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഈ ദിനം കേവലം മടിപിടിച്ചിരിക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് തിരക്കിട്ട ജീവിതത്തിൽ സ്വയം പരിചരണത്തിനും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനും വിശ്രമത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിക്കാൻ കൂടിയുള്ളതാണ്.