
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരനെ കാണാതായെന്ന പിതാവിൻ്റെ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണമാണ് രാജ്യവ്യാപകമായി വേരുകളുള്ള റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. മാര്യേജ് ബ്യൂറോയുടെ മറവിൽ സ്ത്രീകളും നഴ്സും ആശാ വർക്കറും ഉൾപ്പെടെയുള്ളവരാണ് ഈ ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നത്.
റാക്കറ്റിന്റെ പ്രവർത്തന രീതി
പുറത്ത് കളിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയാണ് സംഘത്തിന്റെ ആദ്യപടി. തുടർന്ന് കുട്ടികളില്ലാത്ത ദമ്പതിമാർ ഇവരെ സമീപിക്കും. കുട്ടിയുടെ നിറവും ലിംഗവും അനുസരിച്ച് 1.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വിലയിട്ടിരുന്നത്. വെളുത്ത നിറമുള്ള കുട്ടികൾക്ക് ഉയർന്ന വിലയാണ് ഈടാക്കിയിരുന്നത്. വില ഉറപ്പിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൈമാറുകയാണ് പതിവ്. ഡൽഹി, ജമ്മു കശ്മീർ മുതൽ നേപ്പാളിൽ വരെ ഈ സംഘത്തിന് കണ്ണികളുണ്ട്.
അറസ്റ്റിലായവർ
ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിൽ അഫ്സാർ, നവേദ്, സ്വാതി എന്ന ശൈസ്ത, സന്ധ്യ ചൗഹാൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ മൊറാദാബാദിലെ ഒരു നഴ്സ്, ആശാ വർക്കർ എന്നിവരെയും പിടികൂടി. മുസാഫർ നഗറിലും മൊറാദാബാദിലും വിവാഹ ബ്യൂറോ നടത്തിയിരുന്നവരാണ് പിടിയിലായ സ്ത്രീകൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗർഭിണികളെ കണ്ടെത്തി, പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ കടത്തുന്ന രീതിയും ഇവർക്കുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.