
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി നമ്മ മെട്രോയുടെ പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കെ.എസ്.ആർ ബെംഗളൂരു-ബെളഗാവി റൂട്ടിലടക്കം മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
ആർ.വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന 19.15 കിലോമീറ്റർ പാതയാണ് യെല്ലോ ലൈൻ. 5,056 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാതയിൽ 16 സ്റ്റേഷനുകളുണ്ട്. ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാത, ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കും. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
മറ്റ് പദ്ധതികൾ
യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പുറമെ, മെട്രോയുടെ മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്.
രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി ഉയർത്തിക്കൊണ്ട് മൂന്ന് പുതിയ സർവീസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
യെല്ലോ ലൈനിലെ പൊതു സർവീസുകൾ ഓഗസ്റ്റ് 11, തിങ്കളാഴ്ച മുതൽ ആരംഭിക്കും.