
കൊച്ചി: ഐടി ജീവനക്കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രമുഖ നടി ലക്ഷ്മി മേനോനും പ്രതി. സംഭവത്തിൽ ലക്ഷ്മി മേനോന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. നടി ഒളിവിലാണെന്നും പോലീസ് തിരച്ചിൽ ആരംഭിച്ചതായും വിവരമുണ്ട്.
ഓഗസ്റ്റ് 24-ന് രാത്രി എറണാകുളം നോർത്ത് പാലത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. ഐടി ജീവനക്കാരനായ യുവാവ് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി, ലക്ഷ്മി മേനോനും സംഘവും ചേർന്ന് ഇയാളെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാർ തടഞ്ഞ് നടി അക്രമാസക്തയായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മിഥുൻ, അനീഷ്, സോനമോൾ എന്നീ മൂന്നുപേരെ എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പമാണ് ലക്ഷ്മി മേനോനും ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ സോനമോളുടെ പരാതിയിൽ എതിർസംഘത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കുംകി, ജിഗർതണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ നിരവധി തമിഴ്, മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി മേനോൻ.