
കുന്നംകുളം: ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആചാരമാണെന്നും അതിനാൽ മുസ്ലീം വിദ്യാർത്ഥികളെ അതിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അധ്യാപകർ രക്ഷിതാക്കൾക്ക് അയച്ച ശബ്ദസന്ദേശം വൻ വിവാദത്തിൽ. തൃശ്ശൂർ പെരുമ്പിലാവിലെ സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ രണ്ട് അധ്യാപകരാണ് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദ സന്ദേശം പ്രചരിപ്പിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
“ഓണം ഹിന്ദു മതസ്ഥരുടെ ആചാരമാണ്. മറ്റ് മതസ്ഥരുടെ ആചാരങ്ങളിൽ നമ്മുടെ മക്കളോ നമ്മളോ ഒരുതരത്തിലും പങ്കുകൊള്ളാൻ പാടില്ല. വേഷവിധാനത്തിലോ മറ്റ് കാര്യങ്ങളിലോ ആ ആചാരവുമായി നമ്മൾ ഒത്തുപോകരുത്,” എന്നാണ് അധ്യാപിക ശബ്ദസന്ദേശത്തിൽ പറയുന്നത്. ഈ സന്ദേശം പുറത്തുവന്നതോടെ സ്കൂളിനെതിരെ സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, ശബ്ദസന്ദേശവുമായി സ്കൂളിന് യാതൊരു ബന്ധവുമില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തന്റെ അറിവോടെയല്ല അധ്യാപകർ സന്ദേശം അയച്ചതെന്നും, സ്കൂളിൽ ഓണാഘോഷം ഏറ്റവും ഭംഗിയായി തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും അറിയിച്ചിട്ടുണ്ട്.