
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പദ്ധതിയനുസരിച്ച്, ആഴ്ചയിൽ ഒരു പിരീഡ് വായനാ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള വായനാ പ്രവർത്തനങ്ങൾ നൽകും. അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പത്രം വായനയും അതിനെത്തുടർന്നുള്ള പ്രവർത്തനങ്ങളുമായിരിക്കും നൽകുക.
ഈ പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഒരു കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. ഇതിന് പുറമെ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു പുതിയ മത്സരം കൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി തന്റെ സാമൂഹിക മാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കി.