
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നവരെ അവസരവാദികൾ എന്ന് തന്നെ വിളിക്കണമെന്നും, അതൊരു അശ്ലീല പദമല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ തെറ്റായ നിലപാട് സ്വീകരിച്ച ചിലരെ മാത്രമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ ഗോവിന്ദച്ചാമിയുമായി താരതമ്യം ചെയ്ത സഭയിലെ ചിലരുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തൃശ്ശൂരിലെ വോട്ട് വിവാദത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ബിജെപിക്കാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകളെ തൃശ്ശൂരിലെത്തിച്ച് വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്. ഇതിന് ബിജെപി രാഷ്ട്രീയമായി മറുപടി പറയണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രകടനം, എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, അത്തരം ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.