
ഇൻസ്റ്റഗ്രാമിന് സമാനമായി, ചിത്രങ്ങളോടൊപ്പം ഓഡിയോയും ചേർത്ത് മോഷൻ പിക്ചറുകൾ ഉണ്ടാക്കാനും പങ്കുവെക്കാനും കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ പരീക്ഷിച്ചുവരികയാണെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് 2.25.22.29-ൽ ഈ മോഷൻ പിക്ചർ ഫീച്ചർ ലഭ്യമാണ്. ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുമ്പോൾ, മുകളിൽ വലത് ഭാഗത്ത് പുതിയൊരു ഓപ്ഷൻ കാണാം. ഈ ഓപ്ഷനിൽ ടാപ്പ് ചെയ്യുന്നതിലൂടെ സ്റ്റിൽ ചിത്രങ്ങളെ മോഷൻ പിക്ചറുകളാക്കി മാറ്റാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാനും സാധിക്കും. മോഷൻ പിക്ചറാണെന്ന് മനസ്സിലാക്കാൻ ഒരു പ്ലേ ബട്ടണും ഫീച്ചറിൽ ഉൾപ്പെടുന്നു. ഇതിൽ ഓഡിയോയും ചേർക്കാൻ സൗകര്യമുണ്ടാകും. സാംസങ്, ഗൂഗിൾ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മുൻനിര ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ചില മിഡ്-റേഞ്ച് മോഡലുകളിലും ഈ ഫീച്ചർ ഇതിനകം ലഭ്യമാണ്.
അതേസമയം, അനാവശ്യ ഗ്രൂപ്പ് ചാറ്റുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന മറ്റൊരു പുതിയ ഫീച്ചറും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ, നിങ്ങളുടെ കോണ്ടാക്റ്റുകളിൽ ഇല്ലാത്ത ഒരാൾ ഒരു ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കുമ്പോൾ, ഗ്രൂപ്പിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളടങ്ങിയ അറിയിപ്പ് ലഭിക്കും.