ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 201 സർക്കാർ സ്കൂളുകൾ പ്രവർത്തനം അവസാനിപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയെ അറിയിച്ചു.

പ്രതീകാത്മക ചിത്രം
കെ. രാധാകൃഷ്ണൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021-22ൽ 5,010 സർക്കാർ സ്കൂളുകൾ കേരളത്തിൽ ഉണ്ടായിരുന്നത് 2023-24 ആയപ്പോഴേക്കും 4,809 ആയി കുറഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ കാലയളവിൽ സർക്കാർ സ്കൂളുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും അവയെ ശക്തിപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് നയമെന്നും കേരള സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ വലിയ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.