M.V ഗോവിന്ദൻ, ഗോവിന്ദച്ചാമിയെപോലെ സംസാരിക്കരുത്: വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ CPM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. എം.വി. ഗോവിന്ദൻ്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്നും, അദ്ദേഹം “ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്” എന്നും കത്തോലിക്കാ കോൺഗ്രസ് നേതാവ് ഫാദർ ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് ബിഷപ്പ് പാംപ്ലാനി അവസരവാദപരമായ നിലപാട് സ്വീകരിച്ചു എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ വിമർശനം. അറസ്റ്റ് നടന്നപ്പോൾ ബിജെപിക്കെതിരെ സംസാരിച്ച ബിഷപ്പ്, കേന്ദ്രസർക്കാർ ഇടപെട്ട് ജാമ്യം ലഭിച്ചപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സ്തുതിച്ചുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു .

ഈ പ്രസ്താവനയ്ക്കെതിരെയാണ് കത്തോലിക്കാ കോൺഗ്രസ് ശക്തമായി പ്രതികരിച്ചത്. കോടിയേരി ബാലകൃഷ്ണനെപ്പോലുള്ളവർ ഇരുന്ന പദവിയുടെ ഗൗരവം ഗോവിന്ദൻ മറക്കരുതെന്ന് ഫാദർ ഫിലിപ്പ് കവിയിൽ ഓർമ്മിപ്പിച്ചു. നടത്തിയ പ്രസ്താവന തിരുത്തണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കണമെന്നും, പാർട്ടിയുടെ ഇത്തരം നിലപാടുകൾ മൂന്നാം പിണറായി സർക്കാരിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തലശ്ശേരി അതിരൂപതയും എം.വി. ഗോവിന്ദനെതിരെ രംഗത്തുവന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ഫാസിസ്റ്റ് ശക്തികളുടേതിന് തുല്യമാണെന്നും, മെത്രാന്മാർ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങി പ്രവർത്തിക്കേണ്ടവരല്ലെന്നും അതിരൂപത വ്യക്തമാക്കി. സ്വന്തം സ്വഭാവത്തിലെ വൈകല്യങ്ങൾ മറ്റുള്ളവരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും, അവസരവാദി എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യൻ എം.വി. ഗോവിന്ദൻ തന്നെയാണെന്നും തലശ്ശേരി അതിരൂപത കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading