
റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. 8 വർഷമായി ഒരുമിച്ച് കഴിയുന്ന ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്ത ജോർജിന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഞാനിതാ സമ്മതിക്കുന്നു. ഈ ജീവിതത്തിലും വരും ജീവിതങ്ങളിലും” എന്ന് അവർ കുറിച്ചു.
റൊണാൾഡോയുടെ ഈ വിവാഹവാഗ്ദാനം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ജോർജിനയുടെ വിരലിൽ അണിഞ്ഞ വലിയ ഡയമണ്ട് മോതിരമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന സംസാരവിഷയം. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഈ മോതിരത്തിന് 2 മുതൽ 5 മില്യൺ ഡോളർ വരെ (ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ) വിലയുണ്ടാകാം. മോതിരത്തിലെ പ്രധാന കല്ലിന് 15 മുതൽ 37 കാരറ്റ് വരെ വലുപ്പമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
2016-ൽ മാഡ്രിഡിലെ ഒരു ഗൂച്ചി സ്റ്റോറിൽ വെച്ചാണ് റൊണാൾഡോയും ജോർജിനയും കണ്ടുമുട്ടുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്, റൊണാൾഡോയുടെ മറ്റ് മൂന്ന് കുട്ടികളെയും വളർത്തുന്നത് ജോർജിനയാണ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോയും കുടുംബവും റിയാദിലാണ് താമസിക്കുന്നത്.