
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം വീടുകളിൽ എത്തിക്കാനുള്ള നടപടികളുമായി ബെവ്കോ മുന്നോട്ട് പോകുന്നു. ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ 10 ദിവസത്തിനകം തയ്യാറാകുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ, സൊമാറ്റോ പോലുള്ള ഡെലിവറി പങ്കാളികളുമായി ചേർന്ന് ഓൺലൈൻ വിൽപ്പന ആരംഭിക്കും. അനുമതി ലഭിച്ചില്ലെങ്കിൽ, ഉപഭോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് മദ്യം മുൻകൂട്ടി ബുക്ക് ചെയ്യാനും ക്യൂ നിൽക്കാതെ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങാനും സാധിക്കും.
ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുക, ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി 500 കോടി രൂപയുടെ അധിക വരുമാനവും ബെവ്കോ പ്രതീക്ഷിക്കുന്നു. മദ്യം കൈമാറുമ്പോൾ വാങ്ങുന്നയാളുടെ പ്രായം കർശനമായി പരിശോധിക്കുമെന്നും എംഡി വ്യക്തമാക്കി.