ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കാട്ടാനയുടെ മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് നേരെ ആക്രമണം. ഊട്ടി-മൈസൂരു ദേശീയ പാതയിൽ, വാഹനം നിർത്താൻ കർശന നിരോധനമുള്ള മേഖലയിലാണ് സംഭവം നടന്നത്.
വാഹനം നിർത്തി കാട്ടാനയുടെ അടുത്തേക്ക് സെൽഫിയെടുക്കാൻ പോയ യുവാവിനെ ആന പ്രകോപിതനായി ഓടിക്കുകയായിരുന്നു. ഓടുന്നതിനിടെ റോഡിൽ വീണ ഇയാളെ ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.