
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും മറ്റ് രണ്ട് പേരും പൊലീസ് കാവലിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്.
ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലിൽ വെച്ച് പൊലീസുകാരെ കാവൽ നിർത്തി പ്രതികൾ മദ്യപിക്കുകയായിരുന്നു.
നേരത്തെ, പരാതിക്കാരില്ലെന്നും കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയില്ലെന്നും പറഞ്ഞ് കേസെടുക്കാൻ തലശ്ശേരി പൊലീസ് വിസമ്മതിച്ചിരുന്നു. എന്നാൽ, സംഭവം പൊലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രതികളെ അനുഗമിച്ച എ.ആർ. ക്യാമ്പിലെ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.