
ന്യൂഡൽഹി: ഇന്ത്യയുടെ വാർത്താവിനിമയ രംഗത്ത് വിപ്ലവം കുറിച്ച മൊബൈൽ ഫോൺ സേവനം രാജ്യത്ത് ആരംഭിച്ചിട്ട് 30 വർഷം പൂർത്തിയായി. 1995 ജൂലൈ 31-ന്, അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽ നിന്ന് ഡൽഹിയിലെ സഞ്ചാർ ഭവനിൽ ഉണ്ടായിരുന്ന കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ് റാമിനെ വിളിച്ചാണ് ചരിത്രത്തിലെ ആദ്യ മൊബൈൽ കോളിന് തുടക്കമിട്ടത്.
ഇന്ത്യൻ-ഓസ്ട്രേലിയൻ സംയുക്ത സംരംഭമായ മോദി ടെൽസ്ട്രയുടെ നെറ്റ്വർക്കിലൂടെ നോക്കിയ ഹാൻഡ്സെറ്റ് ഉപയോഗിച്ചായിരുന്നു ഈ ചരിത്രപരമായ സംഭാഷണം. അന്ന് ഒരു ഇൻകമിംഗ് കോളിന് പോലും മിനിറ്റിന് 24 രൂപ വരെ നൽകണമായിരുന്നു. 1995 ഓഗസ്റ്റ് 15-ന് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (VSNL) രാജ്യത്ത് ഇന്റർനെറ്റ് സേവനം ആരംഭിച്ചപ്പോഴും നിരക്കുകൾ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സെക്കൻഡിൽ 9.6 കിലോബൈറ്റ് വേഗതയുള്ള ഡയൽ-അപ്പ് കണക്ഷന് പ്രതിവർഷം 5,000 രൂപയായിരുന്നു ചാർജ്. ഇന്ന് രാജ്യത്തെ മൊബൈൽ ഡൗൺലോഡിംഗ് വേഗത 133.51 എംബിപിഎസ് വരെ എത്തിനിൽക്കുമ്പോൾ, 2014-ൽ 225 രൂപയായിരുന്ന 1 ജിബി ഡാറ്റയുടെ വില ഇന്ന് വെറും 9 രൂപയായി കുറഞ്ഞു.
കേരളത്തിലെ ആദ്യ മൊബൈൽ കോൾ
കേരളത്തിൽ മൊബൈൽ സേവനം ആരംഭിച്ചത് 1996 സെപ്റ്റംബർ 17-നാണ്. കൊച്ചിയിലെ ഹോട്ടൽ അവന്യൂ റീജന്റിൽ വെച്ച് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള, ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ ഫോണിൽ വിളിച്ച് എസ്കോടെൽ മൊബൈൽ സർവീസിന് തുടക്കം കുറിച്ചു.