
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമിച്ച മാതൃകാവീടിന്റെ നിർമാണച്ചെലവിനെച്ചൊല്ലി വിവാദം. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 30.79 ലക്ഷം രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്. എന്നാൽ, ഈ തുക പെരുപ്പിച്ചുകാട്ടിയതാണെന്നും അഴിമതിയുണ്ടെന്നും പ്രതിപക്ഷ സംഘടനകളും ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിലും ആരോപിച്ചു.
സന്നദ്ധ സംഘടനകൾ 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ചെലവിൽ നിർമിച്ചുനൽകിയ വീടുകളേക്കാൾ ഉയർന്ന തുകയാണ് സർക്കാർ മാതൃകാവീടിന് കണക്കാക്കിയിരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സന്നദ്ധ സംഘടനകൾ ചതുരശ്ര അടിക്ക് പരമാവധി 1850 രൂപ ഈടാക്കിയപ്പോൾ, സർക്കാർ വീടിന് ചതുരശ്ര അടിക്ക് 2350 രൂപയാണ് ചെലവായത്. മേൽക്കൂരയിൽനിന്ന് വെള്ളം ചുമരിലേക്ക് വീഴുന്ന തരത്തിലുള്ള അശാസ്ത്രീയ നിർമാണരീതിയാണെന്നും ആരോപണമുണ്ട്.
എന്നാൽ, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ മൂന്നു മീറ്ററോളം താഴ്ചയിൽ ശക്തമായ അടിത്തറ നിർമിച്ചതിനാലാണ് ചെലവ് വർധിച്ചതെന്ന് നിർമാണ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വിശദീകരിച്ചു. ആകെ ചെലവിന്റെ 40% അടിത്തറയ്ക്കായി വേണ്ടിവന്നു. ചുറ്റുമതിൽ, കിച്ചൻ കാബിനറ്റ്, വാർഡ്രോബുകൾ തുടങ്ങിയവ ഉൾപ്പെടെയാണ് 30.79 ലക്ഷം രൂപയുടെ കണക്കെന്നും അവർ വ്യക്തമാക്കി. അതേസമയം, മന്ത്രി കെ. രാജനൊപ്പം വീട് സന്ദർശിച്ച ദുരന്തബാധിതർ നിർമാണത്തിലും സൗകര്യങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.