
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ, നർത്തകിയും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ അനുഭവിച്ച കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞു. രാജ് ഷാമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്ന ‘ചതിയൻ’ എന്ന ആരോപണത്തെക്കുറിച്ചും ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയത്.
“വിവാഹമോചനത്തിന് ശേഷം ആളുകൾ എന്നെ ‘ചതിയൻ’ എന്ന് വിളിച്ചു. ജീവിതത്തിൽ ഞാനൊരിക്കലും വഞ്ചിച്ചിട്ടില്ല. ഞാൻ അങ്ങേയറ്റം വിശ്വസ്തനായ വ്യക്തിയാണ്. സത്യം എന്താണെന്ന് അറിയാതെ ആളുകൾ എന്നെ കുറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു,” ചഹൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ കടുത്ത ട്രോളുകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തന്നെ തളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കാലയളവിൽ ഏകദേശം നാലഞ്ചു മാസം താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും കടുത്ത ഉത്കണ്ഠയും ആത്മഹത്യാ ചിന്തകളും നേരിട്ടിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. മാനസികാരോഗ്യം വീണ്ടെടുക്കാൻ താൻ ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തുക്കളായ ആർ.ജെ. മഹവാഷ് അടക്കമുള്ളവർ നൽകിയ പിന്തുണയാണ് തുണയായതെന്നും ചഹൽ വ്യക്തമാക്കി.