ചക്ക കഴിച്ചത് ‘വിനയായി’; ബ്രീത്ത് അനലൈസർ ടെസ്റ്റിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർ

പന്തളം: മദ്യപിക്കാതെ തന്നെ ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി ഒരു കെഎസ്ആർടിസി ഡ്രൈവർ. വില്ലനായത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ചക്ക. ഡ്യൂട്ടിക്ക് കയറും മുൻപ് അമിതമായി ചക്ക കഴിച്ചതാണ് ഡ്രൈവർക്ക് വിനയായത്.

പന്തളം കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു ഈ വിചിത്ര സംഭവം. സഹപ്രവർത്തകരിൽ ഒരാൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചക്കപ്പഴം എല്ലാവർക്കും നൽകി. ഡ്യൂട്ടിക്ക് കയറുന്നതിന് തൊട്ടുമുൻപ്, ഈ ഡ്രൈവർ നല്ലൊരു അളവിൽ ചക്ക കഴിക്കുകയും ചെയ്തു.

ഡ്യൂട്ടിക്ക് കയറുന്നതിന് മുന്നോടിയായുള്ള പതിവ് പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ റീഡിംഗ് ഉയർന്നു. നിമിഷങ്ങൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന് റീഡിംഗ് പത്തിലേക്ക് കുതിച്ചെത്തി. താൻ മദ്യപിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും ഡ്രൈവർ ആവർത്തിച്ച് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇതേ ചക്ക കഴിച്ച മറ്റ് മൂന്ന് ഡ്രൈവർമാരും പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് അധികൃതർക്ക് സംശയമായത്.

തുടർന്ന്, പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്നെ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. പൂജ്യം റീഡിംഗ് ഉറപ്പാക്കിയ ശേഷം അദ്ദേഹം കുറച്ച് ചക്ക കഴിച്ചു. ശേഷം വീണ്ടും പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ റീഡിംഗും ഉയർന്നു. ഇതോടെയാണ് യഥാർത്ഥ ‘കുറ്റവാളി’ ചക്കയാണെന്ന് എല്ലാവർക്കും ബോധ്യമായത്. പഴുത്ത ചക്കയിൽ സ്വാഭാവികമായുണ്ടാകുന്ന ആൽക്കഹോളിന്റെ അംശമാണ് റീഡിംഗ് ഉയരാൻ കാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading