
വാഷിംഗ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഉഭയകക്ഷി ചർച്ചകൾക്കായി പാകിസ്ഥാൻ സംഘം വാഷിംഗ്ടണിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് സ്ഥിരീകരിച്ചതോടെയാണ് ഈ ചർച്ചകൾക്ക് പ്രാധാന്യം വർധിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായേക്കാവുന്ന ഒരു യുദ്ധം താൻ തടഞ്ഞുവെന്നും, കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നുമുള്ള ട്രംപിന്റെ മുൻകാല പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടാമി ബ്രൂസ്.
ഈ ചോദ്യത്തിന് മറുപടിയായി, “പാകിസ്ഥാനുമായി ഒരു ഉഭയകക്ഷി ചർച്ച നടക്കുന്നുണ്ട്, ഞാനും അതിൽ പങ്കെടുക്കും. ഞാൻ അതിനായി കാത്തിരിക്കുകയാണ്,” എന്ന് ടാമി ബ്രൂസ് പറഞ്ഞു.
ഇന്ത്യയെയും പാകിസ്ഥാനെയും ചർച്ചകൾക്ക് ഒരുമിച്ച് കൊണ്ടുവരാൻ തൻ്റെ ടീമിന് നിർദ്ദേശം നൽകിയതായും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തടഞ്ഞതായും സൗദി അറേബ്യയിൽ വെച്ച് ട്രംപ്പ് നടത്തിയ പരാമർശങ്ങളെക്കുറിച്ചും ചോദ്യത്തിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലുള്ള ടാമി ബ്രൂസിന്റെ പ്രതികരണം, ഇരുനേതാക്കളും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയുടെ സാധ്യത വർധിപ്പിക്കുന്നു