തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ബുധനാഴ്ചയാണ് കരട് പട്ടിക പുറത്തുവിട്ടത്. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. ഈ പട്ടിക sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ഓഗസ്റ്റ് 7 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള അപേക്ഷകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.