എന്നാലും പൊന്നേ… റെക്കോർഡിട്ട് സ്വർണ്ണവില; പവന് 75,000 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു. സ്വർണ്ണാഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, ഒരു പവൻ സ്വർണ്ണത്തിന്റെ വില ചരിത്രത്തിലാദ്യമായി 75,000 രൂപ മറികടന്നു. ബുധനാഴ്ച പവന് 760 രൂപ വർധിച്ച് 75,040 രൂപയിലും, ഗ്രാമിന് 95 രൂപ വർധിച്ച് 9,380 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂൺ 15-ന് രേഖപ്പെടുത്തിയ 74,560 രൂപയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പവന് 1,680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ആഭരണം വാങ്ങാൻ എന്ത് ചെലവ് വരും?
ഈ വിലവർധനവ് ആഭരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവും ഗണ്യമായി കൂട്ടിയിട്ടുണ്ട്. ഇന്നത്തെ നിരക്ക് അനുസരിച്ച്, ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ഏകദേശം 85,075 രൂപ നൽകേണ്ടിവരും. ഇതിൽ സ്വർണ്ണത്തിന്റെ വിലയായ 75,040 രൂപ, പണിക്കൂലിയായി 7,504 രൂപ, ഹോൾമാർക്കിങ് ചാർജായ 53 രൂപ, കൂടാതെ ഈ തുകയുടെ 3% ജി.എസ്.ടി എന്നിവ ഉൾപ്പെടുന്നു.

വില കൂടാനുള്ള കാരണം
ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. യുഎസ് ഡോളർ ദുർബലമായതും ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതുമാണ് സ്വർണ്ണത്തിന് അനുകൂലമായത്. യുഎസ് വ്യാപാര ചർച്ചകളിലെ പുരോഗതിയാണ് ഡോളറിന്റെ മൂല്യം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര സ്വർണ്ണവില 3,424 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading