
തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം കേരളത്തിൽ നിന്ന് പറന്നുയർന്നു. ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിമാനമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യുകെയിലേക്ക് മടങ്ങിയത് .
ജൂൺ 14-നാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള ഈ സ്റ്റെൽത്ത് യുദ്ധവിമാനം മോശം കാലാവസ്ഥയും ഇന്ധനക്കുറവും കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത് . തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു . ലാൻഡിംഗ് ഗിയർ, ബ്രേക്കുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെ ബാധിക്കുന്ന തകരാറായിരുന്നു ഇത് .
വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി നിർമ്മാതാക്കളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഒരു ബ്രിട്ടീഷ് സാങ്കേതിക സംഘം കേരളത്തിൽ എത്തിയിരുന്നു . ജൂലൈ 6-ന് റോയൽ എയർഫോഴ്സിന്റെ എയർബസ് എ400എം അറ്റ്ലസ് വിമാനത്തിൽ സ്പെയർ പാർട്സുകളും മറ്റ് ഉപകരണങ്ങളും എത്തിച്ചതോടെയാണ് അറ്റകുറ്റപ്പണികൾ വേഗത്തിലായത്. ഏകദേശം 37 ദിവസത്തോളം വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തുടർന്നു .
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച എഫ്-35ബി, ലോകത്തിലെ ഏറ്റവും നൂതനവും ചെലവേറിയതുമായ യുദ്ധവിമാനങ്ങളിലൊന്നാണ്. ഏകദേശം 115 ദശലക്ഷം ഡോളറിലധികം വില വരുന്ന ഈ വിമാനത്തിന് ഹ്രസ്വദൂര ടേക്ക് ഓഫിനും ലംബമായ ലാൻഡിംഗിനും കഴിയും . വിമാനം അടിയന്തരമായി ഇറക്കിയപ്പോൾ ഇന്ത്യൻ വ്യോമസേന സഹായങ്ങൾ നൽകിയിരുന്നു .