
ഷാർജ: യു.എ.ഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ സതീഷ് (30) തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത വർദ്ധിപ്പിക്കുന്നു. ഭർത്താവ് സതീഷ് ശങ്കറിന്റെ ക്രൂരമായ പീഡനങ്ങളാണ് അതുല്യയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശക്തമായി ആരോപിക്കുന്നത്.
ഷാർജയിലെ റോള പാർക്കിന് സമീപമുള്ള ഫ്ലാറ്റിലാണ് അതുല്യയെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയൊരു ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങവെയാണ് ഈ ദാരുണമായ അന്ത്യം.
ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ
വിവാഹം കഴിഞ്ഞതുമുതൽ ഭർത്താവ് സതീഷ് ശാരീരികവും മാനസികവുമായി അതുല്യയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. മദ്യപിച്ചെത്തുന്ന ഭർത്താവ് പതിവായി ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നെന്നും, അടിവസ്ത്രം ഊരി മുഖത്തെറിയുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നതായും യുവതിയുടെ മൊഴിയിൽ പറയുന്നു. ‘അവന് ഒരു ഭാര്യയെ അല്ല, ഒരു അടിമയെയാണ് വേണ്ടത്’ എന്ന് അതുല്യ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
പീഡനങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ അതുല്യ തന്റെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീധനത്തെച്ചൊല്ലിയും മറ്റ് നിസ്സാര കാര്യങ്ങൾക്കുവേണ്ടിയും സതീഷ് അതുല്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയുണ്ട്.
ഭർത്താവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു
അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിൽ, കൊല്ലം ചവറ തെക്കുംഭാഗം പോലീസ് ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ഷാർജയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷാർജ പോലീസും ഇന്ത്യൻ കോൺസുലേറ്റും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
അതുല്യയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും, താൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ അതുല്യയുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ലെന്നും ഭർത്താവ് സതീഷ് പ്രതികരിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.