
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വർഗീയ സ്വഭാവമുള്ള പരാമർശവുമായി രംഗത്ത്. മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങളായിട്ടും ആ പാർട്ടി മതേതരമായാണ് അറിയപ്പെടുന്നതെന്നും, കേരളത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും നന്നായെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് എസ്എൻഡിപി യോഗം കൊച്ചി യൂണിയൻ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പാർട്ടികൾക്കപ്പുറം മതപണ്ഡിതന്മാരാണ് ഭരണത്തെപ്പോലും നിയന്ത്രിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ പ്രസംഗത്തിൽ കാന്തപുരത്തെയും മുസ്ലീം ജനസംഖ്യയെയും അദ്ദേഹം എടുത്തുപറഞ്ഞു. മുസ്ലീം ജനസംഖ്യയ്ക്ക് ഒപ്പത്തിനൊപ്പം ഈഴവരുണ്ടായിട്ടും സമുദായത്തിന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. “നമ്മുടെ വോട്ടിന് ഒരു വിലയുമില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.