ഫൈസർ കോവിഡ് വാക്സിൻ കണ്ണിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി പുതിയ പഠനം

ന്യൂഡൽഹി: കോവിഡ്-19 നെതിരെ ഫൈസർ-ബയോഎൻടെക് കമ്പനികൾ സംയുക്തമായി വികസിപ്പിച്ച വാക്സിൻ കണ്ണിന്റെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. തുർക്കിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രമുഖ ശാസ്ത്ര ജേണലായ ഒഫ്താൽമിക് എപ്പിഡെമിയോളജിയിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫൈസർ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 64 രോഗികളുടെ കണ്ണുകൾ വിശദമായി പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. വാക്സിൻ സ്വീകരിച്ചവരിൽ പെട്ടെന്നുള്ള കാഴ്ചനഷ്ടം പോലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ, കണ്ണിന്റെ മുൻഭാഗത്തുള്ള സുതാര്യമായ പാളിയായ കോർണിയയുടെ കനം വർധിക്കുന്നതായും, കോർണിയയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ എൻഡോതീലിയൽ കോശങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതായും പഠനം പറയുന്നു.

പഠനമനുസരിച്ച്, വാക്സിൻ സ്വീകരിച്ചവരിൽ കോർണിയയുടെ കനം ശരാശരി 528 മൈക്രോമീറ്ററിൽ നിന്ന് 542 മൈക്രോമീറ്ററായി വർധിച്ചു. എൻഡോതീലിയൽ കോശങ്ങളുടെ എണ്ണത്തിൽ ഏകദേശം എട്ട് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.

ആരോഗ്യമുള്ള കണ്ണുകളുള്ളവരിൽ ഈ മാറ്റങ്ങൾ പെട്ടെന്ന് കാഴ്ചയെ ബാധിക്കില്ലെന്നും എന്നാൽ ഭാവിയിൽ കോർണിയയിൽ നീർവീക്കം, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ കണ്ണിന് അസുഖങ്ങളുള്ളവരെയോ കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെയോ ഇത് കൂടുതൽ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading