
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഒരു വൈറൽ റീലിനോ ചിത്രത്തിനോ വേണ്ടി ജീവൻ പണയപ്പെടുത്തുന്ന പ്രവണത വർധിക്കുമ്പോൾ, സെൽഫി അപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് പുതിയ പഠനം. ആഗോളതലത്തിൽ നടക്കുന്ന സെൽഫി അപകടങ്ങളിൽ 42 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. 2014 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 214 പേർ മരിക്കുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഉയർന്ന ജനസംഖ്യ, സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗം, മലനിരകൾ, കെട്ടിടങ്ങൾ, റെയിൽവേ ട്രാക്കുകൾ തുടങ്ങിയ അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള അനായാസ പ്രവേശനം എന്നിവയാണ് ഇന്ത്യയിലെ ഉയർന്ന അപകടനിരക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയരങ്ങളിൽ നിന്നുള്ള വീഴ്ചയാണ് സെൽഫി മരണങ്ങളുടെ പ്രധാന കാരണം.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള അമിതമായ ആഗ്രഹം ആളുകളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നു. ഒരു മികച്ച ചിത്രത്തിന് വേണ്ടി ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറാണ്.
ഇന്ത്യയ്ക്ക് പിന്നിലായി അമേരിക്ക, റഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സർക്കാർ “നോ-സെൽഫി സോണുകൾ” ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ദുരന്തങ്ങൾ ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.