
ഈ ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് ആകാശത്തൊരു വിരുന്നൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും മംഗലാപുരത്തുനിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കാണ് വിമാനത്തിലിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനുള്ള അവസരം.
ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 6 വരെയുള്ള യാത്രകളിലാണ് ഈ പ്രത്യേക സൗകര്യം ലഭ്യമാവുക. വാഴയിലയിൽ വിളമ്പുന്ന സദ്യയുടെ തനിമ ഒട്ടും ചോരാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ വിരുന്നൊരുക്കുന്നത്. മട്ട അരി ചോറ്, നെയ്യ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തയ്ക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങി ഒരു ഓണസദ്യയുടെ എല്ലാ ചേരുവകളും ഇതിലുണ്ടാകും.
കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കസവ് കരയുടെ ഡിസൈനിലുള്ള പ്രത്യേക പാക്കറ്റുകളിലാണ് സദ്യ വിളമ്പുന്നത്. യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ 500 രൂപയ്ക്ക് സദ്യ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.
കേരളത്തിന്റെ കലാപാരമ്പര്യത്തോടുള്ള ആദരസൂചകമായി തങ്ങളുടെ പുതിയ ബോയിംഗ് വിമാനത്തിന് കസവ് ശൈലിയിലുള്ള ഡിസൈൻ നൽകിയും എയർ ഇന്ത്യ എക്സ്പ്രസ് ശ്രദ്ധ നേടിയിരുന്നു. കേരളത്തെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന എയർലൈൻ, ആഴ്ചയിൽ 525 സർവീസുകളാണ് നടത്തുന്നത്.