കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ തീപ്പൊരി പ്രകടനവുമായി പുതിയ മ്യൂസിക് വീഡിയോ ‘ഗ്യാങ്ങ് ബി’ റിലീസ് ചെയ്തു. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആക്ഷൻ മ്യൂസിക് വീഡിയോ എന്ന വിശേഷണത്തോടെയാണ് ‘ഗ്യാങ്ങ് ബി’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഖിൽ അബ്ദുൾ ഖാദറാണ് ഈ ആക്ഷൻ മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂരജ് എസ്. കുറുപ്പ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയും സൂരജും ചേർന്നാണ്. ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ മിഥൂട്ടി, അൻവർ ഷെരീഫ്, ആഷിക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഗാലറി വിഷന്റെ ബാനറിൽ ഷറഫ് ഗാലറിയാണ് ‘ഗ്യാങ്ങ് ബി’ നിർമ്മിച്ചിരിക്കുന്നത്. ഒരു സിനിമയെ വെല്ലുന്ന മേക്കിംഗും ആക്ഷൻ രംഗങ്ങളുമാണ് വീഡിയോയുടെ പ്രധാന ആകർഷണം.