
ആലപ്പുഴ: മദ്യലഹരിയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി മന്നത്ത് വീട്ടിലാണ് പ്രതിയായ ബാബുവിനെ (47) എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് തങ്കരാജ് (70), ആഗ്നസ് (65) എന്നിവരെ മകൻ ബാബു കുത്തിക്കൊലപ്പെടുത്തിയത്.
ഇറച്ചിവെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നു. ഇതിനു മുൻപും ഇയാൾ മാതാപിതാക്കളെ മർദ്ദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പോലീസ് ഇടപെട്ട് താക്കീത് നൽകിയിരുന്നു. ഇന്നലെ രാത്രിയും മദ്യപിച്ച് വീട്ടിലെത്തിയ ബാബു, വഴക്കിനിടെ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം, ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് ബാബു അറിയിച്ചു. ബഹളം കേട്ട് അയൽക്കാർ എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.