
തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇനിമുതൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. “കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളെപ്പോലെ പറന്നുരസിക്കട്ടെ” എന്ന് മന്ത്രി പ്രഖ്യാപനത്തോടൊപ്പം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ തന്നെ നിരന്തരമായ ആവശ്യപ്രകാരമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. ഈ തീരുമാനത്തോടെ, ഓണം, ക്രിസ്മസ് പോലുള്ള ആഘോഷ വേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വർണവസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താം.