
യുവ ഡോക്ടറാണ് വേടനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിൽ പോയ സാഹചര്യത്തിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന “ഓളം ലൈവ്” എന്ന സംഗീത പരിപാടി മാറ്റിവെക്കേണ്ടി വന്നിരുന്നു. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് പദ്ധതിയിട്ടിരുന്നത്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇൻഫോപാർക്ക് SHO യ്ക്കാണ് നിലവിലെ അന്വേഷണ ചുമതല. കേസിൽ വേടന്റെയും പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതി വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് അഞ്ചിലധികം തവണ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത് മാനസികമായി തകർത്തുവെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18-ന് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം. നടക്കുന്നത് സംഘടിത ശ്രമമാണെന്നും, അഭിപ്രായ വ്യത്യാസങ്ങളാണ് പരാതിക്ക് പിന്നിലെന്നുമാണ് വേടൻ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്.