
എറണാകുളം: കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, നിർബന്ധിത മതപരിവർത്തന ശ്രമവും വഞ്ചനയും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ ആൺസുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് 23 വയസ്സുള്ള സോന എൽദോസിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് മരണത്തിനു പിന്നിലെ കാരണങ്ങൾ സോന വിശദമാക്കുന്നത്.
സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
വഞ്ചനയും നിർബന്ധിത മതപരിവർത്തനവും: രജിസ്റ്റർ വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് റമീസ് തന്നെ പറവൂരിലുള്ള അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി കബളിപ്പിച്ചു. അവിടെവെച്ച് റമീസിന്റെ കുടുംബാംഗങ്ങൾ മതം മാറിയാൽ മാത്രമേ വിവാഹം നടത്തിത്തരൂ എന്ന് നിർബന്ധിച്ചു..
ക്രൂരമായ പെരുമാറ്റം: മതം മാറാൻ സമ്മതിച്ചിട്ടും റമീസും സുഹൃത്തുക്കളും വീട്ടുകാരും ക്രൂരമായി പെരുമാറി. റമീസിന് ചെയ്ത തെറ്റിൽ കുറ്റബോധം ഉണ്ടായിരുന്നില്ലെന്നും “മരിച്ചോളാൻ” പറഞ്ഞുവെന്നും സോന കുറിപ്പിൽ പറയുന്നു.
കുടുംബത്തിന്റെ പങ്ക്: റമീസ് ചെയ്ത തെറ്റുകളെക്കുറിച്ച് അറിവുണ്ടായിട്ടും അവന്റെ മാതാപിതാക്കൾ നടപടിയെടുത്തില്ലെന്നും കുറിപ്പിൽ ആരോപിക്കുന്നു.
പോലീസ് നടപടിയും കുടുംബത്തിന്റെ മൊഴിയും
പ്രാഥമികമായി അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനെ തുടർന്ന് റമീസിനെതിരെ ആത്മഹത്യാപ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് റമീസ്.
റമീസിന്റെ വീട്ടിൽവെച്ച് സോനയ്ക്ക് മർദ്ദനമേറ്റതായി സഹോദരൻ ആരോപിച്ചു. മതം മാറ്റാനായി പൊന്നാനിയിലേക്ക് കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയിരുന്നുവെന്നും, അതിന് വഴങ്ങാത്തതിനാലാണ് മർദ്ദിച്ചതെന്നും സഹോദരൻ പറഞ്ഞു. സോനയുടെ മരണശേഷം റമീസോ വീട്ടുകാരോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു.