
രജനികാന്ത് നായകനാകുന്ന ‘കൂലി’ റിലീസിന് ദിവസങ്ങൾക്ക് മുൻപേ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്നു. ഓഗസ്റ്റ് 8-ന് ആരംഭിച്ച ചിത്രത്തിന്റെ ആഗോളതലത്തിലുള്ള അഡ്വാൻസ് ബുക്കിംഗ് ഇതിനകം 50 കോടി രൂപ കടന്നു. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രീ-സെയിൽ കളക്ഷനുകളിലൊന്നാണിത്.
അന്താരാഷ്ട്ര മാർക്കറ്റുകളിൽ നിന്നാണ് ഈ തുകയുടെ വലിയൊരു ഭാഗവും ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 32.50 കോടി രൂപയുടെ (4.25 ദശലക്ഷം ഡോളർ) ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. റിലീസിന് മുൻപ് ഇത് 52 കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ, തമിഴ്നാട്ടിലും കേരളത്തിലുമാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിംഗായി ഏകദേശം 14 കോടി രൂപ ചിത്രം നേടി.
തെലുങ്ക്, ഹിന്ദി ഭാഷകളിലെ ബുക്കിംഗ് കൂടി ആരംഭിക്കുന്നതോടെ ആഗോളതലത്തിൽ ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിംഗ് മാത്രം 85 കോടിക്കും 95 കോടിക്കും ഇടയിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14-നാണ് തിയേറ്ററുകളിൽ എത്തുന്നത്. സ്വർണക്കടത്ത് സംഘത്തിലെ പഴയ സഹപ്രവർത്തകരുമായി വീണ്ടും ഒന്നിക്കുന്ന ‘ദേവ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.