
താരസംഘടനയായ ‘അമ്മ’ (Association of Malayalam Movie Artists) സംഘടനയിലെ ആഭ്യന്തര വിഷയങ്ങളിൽ പരസ്യപ്രതികരണം നടത്തുന്നതിന് അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് ഈ നിർദേശം നൽകിയത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മത്സരരംഗത്തുള്ളവർക്കും മറ്റ് അംഗങ്ങൾക്കും ഈ നിർദേശം ബാധകമാണ്. സമീപകാലത്തുണ്ടായ ‘മെമ്മറി കാർഡ്’ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. 2018-ലെ മീ ടൂ വിവാദ സമയത്ത് ‘അമ്മ’യിലെ വനിതാ അംഗങ്ങൾ നടത്തിയ വെളിപ്പെടുത്തലുകൾ അടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം ഉടലെടുത്തിരിക്കുന്നത്.
ഈ വിഷയത്തിൽ കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക തുടങ്ങിയ നടിമാർ പരസ്പരം ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരൻ പരാതി നൽകിയത്.