ട്രഷറി ബില്ലുകളിലും ഇനി എസ്.ഐ.പി; സാധാരണക്കാർക്ക് നിക്ഷേപം എളുപ്പമാകും

ചെറുകിട നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിൽ ലളിതമായി നിക്ഷേപം നടത്താൻ അവസരമൊരുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (എസ്.ഐ.പി) സമാനമായി, സർക്കാർ ട്രഷറി ബില്ലുകളിലും (ടി-ബില്ലുകൾ) ഇനി മുതൽ എസ്.ഐ.പി വഴി നിക്ഷേപിക്കാം. ആർ.ബി.ഐയുടെ റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോം വഴിയാണ് ഈ സൗകര്യം ലഭ്യമാവുക.

ഈ നീക്കം സർക്കാർ സെക്യൂരിറ്റി വിപണിയിൽ സാധാരണക്കാരുടെ പങ്കാളിത്തം വർധിപ്പിക്കാനും ചിട്ടയായ, ദീർഘകാല നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

എന്താണ് ട്രഷറി ബില്ലുകൾ?
സർക്കാരിന്റെ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങൾക്കായി ആർ.ബി.ഐ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ടി-ബില്ലുകൾ. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയുള്ള കാലാവധികളിലാണ് ഇവ ലഭ്യമാകുന്നത്. ഇവ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നിലവിൽ ടി-ബില്ലിൽ നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക ₹25,000 ആണ്.

നിക്ഷേപം എങ്ങനെ പ്രവർത്തിക്കുന്നു?
ടി-ബില്ലുകൾക്ക് പലിശ നൽകുന്നതിന് പകരം, മുഖവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് (ഡിസ്കൗണ്ട്) ആണ് വിൽപ്പന നടത്തുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് മുഴുവൻ മുഖവിലയും തിരികെ ലഭിക്കും. ഈ വിലവ്യത്യാസമാണ് നിക്ഷേപകന്റെ ലാഭം.

ഉദാഹരണത്തിന്, 100 രൂപ മുഖവിലയുള്ള ഒരു ടി-ബിൽ 98.20 രൂപയ്ക്ക് വാങ്ങിയാൽ, കാലാവധി പൂർത്തിയാകുമ്പോൾ 100 രൂപ തിരികെ ലഭിക്കും. ഇവിടെ 1.80 രൂപയാണ് നിക്ഷേപകന്റെ നേട്ടം.

എങ്ങനെ നിക്ഷേപിക്കാം?
സാധാരണക്കാർക്ക് സർക്കാർ കടപ്പത്രങ്ങളിൽ നേരിട്ട് നിക്ഷേപിക്കാൻ 2021-ൽ ആരംഭിച്ച ആർ.ബി.ഐയുടെ റീട്ടെയിൽ ഡയറക്ട് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ടി-ബില്ലുകളിൽ എസ്.ഐ.പി ആരംഭിക്കാം. ഈ പ്ലാറ്റ്ഫോമിൽ അടുത്തിടെ അവതരിപ്പിച്ച ഓട്ടോ-ബിഡിംഗ് സൗകര്യം ഉപയോഗിച്ച്, നിക്ഷേപകർക്ക് നിശ്ചിത ഇടവേളകളിൽ സ്വയമേവ നിക്ഷേപം നടത്താൻ സാധിക്കും.

നികുതി ബാധ്യത
ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് സമാനമായാണ് ടി-ബില്ലുകളിൽ നിന്നുള്ള ആദായത്തിനും നികുതി നൽകേണ്ടത്. നേട്ടം മൊത്തം വരുമാനത്തോടൊപ്പം ചേര്ത്ത്, ബാധകമായ നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading