ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഒരു ഗ്രാമം ഒലിച്ചുപോയി. ഹർഷിൽ മേഖലയിലെ ധരാളി ഗ്രാമത്തിന്റെ പകുതിയോളം ഭാഗമാണ് ഖീർ ഗംഗാ നദിയിലെ മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്നത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭയചകിതരായി ജനങ്ങൾ, വൻ നാശനഷ്ടം
ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഖീർ ഗംഗാ നദിയിൽ നിന്ന് വൻതോതിൽ വെള്ളവും ചെളിയും പാറകളും കുത്തിയൊലിച്ച് ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. “60 സെക്കൻഡ് കൊണ്ട് എല്ലാം ഒലിച്ചുപോയി” എന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളുകളുടെ നിലവിളികളും രക്ഷപ്പെടാനുള്ള നെട്ടോട്ടവും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ധരാളിയിലെ 20-25 ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും പൂർണ്ണമായും തകർന്നു. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്ന് അധികൃതർ ഭയപ്പെടുന്നു. പ്രദേശത്ത് തുടർച്ചയായി അഞ്ചാം ദിവസവും മഴ തുടരുകയാണ്. നദികളുടെ അടുത്തേക്ക് പോകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഉത്തരാഖണ്ഡ് പോലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.