
വർഷങ്ങളായി ഒരേ പ്രഷർകുക്കർ തന്നെയാണോ നിങ്ങളുടെ അടുക്കളയിലും? എങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം വിഷമയമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഴയതും കേടുപാടുകൾ സംഭവിച്ചതുമായ അലുമിനിയം കുക്കറുകളിൽ അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ, ലെഡ്, അലുമിനിയം തുടങ്ങിയ ലോഹാംശങ്ങൾ ഭക്ഷണത്തിൽ കലരാൻ ഇടയാകും. ഇത് ‘ലെഡ് ടോക്സിറ്റി’ എന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം.
അടുത്തിടെ, 20 വർഷമായി ഒരേ കുക്കറിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച 50-കാരന്റെ ആരോഗ്യം ലെഡ് വിഷബാധയെ തുടർന്ന് മോശമായ ഒരു സംഭവം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രക്തത്തിൽ ഉയർന്ന അളവിൽ ലെഡിന്റെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് ‘ചെലേഷൻ തെറാപ്പി’ എന്ന ചികിത്സയിലൂടെ അത് നീക്കം ചെയ്യുകയുമായിരുന്നു.
എന്താണ് ലെഡ് ടോക്സിറ്റി?
രക്തത്തിൽ ലെഡിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ലെഡ് ടോക്സിറ്റി അഥവാ ലെഡ് വിഷബാധ. ഭക്ഷണം, സ്പർശനം, ശ്വാസം എന്നിവയിലൂടെ ലെഡ് ശരീരത്തിലെത്താം. തലച്ചോറ്, നാഡീവ്യൂഹം, ദഹനവ്യവസ്ഥ തുടങ്ങിയ പ്രധാന ശരീരഭാഗങ്ങളെ ഇത് ദോഷകരമായി ബാധിക്കും. ദീർഘകാലം ലെഡുമായി സമ്പർക്കമുണ്ടാകുന്നത് പഠന, പെരുമാറ്റ വൈകല്യങ്ങൾക്കും ബുദ്ധിപരമായ പ്രശ്നങ്ങൾക്കും കാരണമാകും.
ലക്ഷണങ്ങൾ തിരിച്ചറിയാം
തലവേദന, തളർച്ച, വിളർച്ച, കൈകാലുകളിലെ മരവിപ്പ്, പെരുമാറ്റത്തിലെ മാറ്റങ്ങൾ, വയറുവേദന, ഛർദ്ദി, ക്ഷീണം, ലൈംഗിക വിരക്തി, പ്രത്യുത്പാദന ശേഷിക്കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാകാം.
ഒരു പ്രഷർ കുക്കർ എത്രനാൾ ഉപയോഗിക്കാം?
ഒരു പ്രഷർ കുക്കറിന്റെ ശരാശരി സുരക്ഷിത ഉപയോഗ കാലയളവ് അഞ്ച് വർഷമാണ്. അതിനുശേഷം, കുക്കറിന് പ്രത്യക്ഷത്തിൽ കേടുപാടുകൾ ഇല്ലെങ്കിൽ പോലും അത് മാറ്റി പുതിയത് വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്.