കന്യാസ്ത്രീകൾക്കൊപ്പമെന്ന് ബിജെപി; സംഭവം മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ശക്തമായ നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അറസ്റ്റിലായ കന്യാസ്ത്രീകൾ മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് ബിജെപി വിശ്വസിക്കുന്നുവെന്നും, അവർക്കൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംഭവമറിഞ്ഞയുടൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്നും ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടി പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചിട്ടുണ്ട്. അവർ പുറത്തിറങ്ങുന്നതുവരെ ബിജെപിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഛത്തീസ്ഗഡിൽ മതപരിവർത്തന നിരോധന നിയമവും, മനുഷ്യക്കടത്ത് തടയുന്നതിനായി പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷൻ നിയമവും നിലവിലുണ്ട്. ഈ നിയമപ്രകാരം പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ഒരു സാങ്കേതികപ്പിഴവ് മാത്രമാണ് സംഭവിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി സമുദായത്തിലെ ആരുടെ പ്രശ്നങ്ങളിലും ബിജെപി മാത്രമാണ് ഇടപെടുന്നതെന്നും മറ്റ് പാർട്ടികൾ അവരുടെ വേദനയും വിഷമവും ഉപയോഗിച്ച് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾ അറസ്റ്റിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി കത്തയക്കുകയും ചെയ്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading