
ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാരീസൻ’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോഴും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകുന്നില്ല. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ തിങ്കളാഴ്ച നേടിയത് വെറും 38 ലക്ഷം രൂപയാണ്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷൻ 3.89 കോടി രൂപയായി.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു റോഡ് ത്രില്ലറാണ് ‘മാരീസൻ’. ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും പ്രകടനങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. നടൻ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വി. കൃഷ്ണമൂർത്തി തിരക്കഥയെഴുതിയ ചിത്രം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് നിർമ്മിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. മികച്ച അഭിപ്രായങ്ങൾ ലഭിച്ചിട്ടും എന്തുകൊണ്ട് കളക്ഷനിൽ അത് പ്രതിഫലിക്കുന്നില്ല എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.