
മുംബൈ: 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി വിപണിയിൽ വൻ ഇടിവ്. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് ഏകദേശം ₹20,000 കോടി രൂപ നഷ്ടമായി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രം ₹6,550 കോടിയുടെ അധിക നഷ്ടവും കമ്പനി നേരിട്ടു.
പിരിച്ചുവിടൽ വാർത്ത പുറത്തുവന്നതിനെ തുടർന്ന് ടിസിഎസ് ഓഹരി വില കുത്തനെ ഇടിയുകയായിരുന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 1.7% വരെ ഇടിഞ്ഞ് ₹3,081 എന്ന താഴ്ന്ന നിലയിലെത്തി. ഈ വർഷം മാത്രം ഓഹരി വിലയിൽ 25 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ട ഓഹരി, 33 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ കമ്പനിയുടെ വിപണി മൂല്യം ₹11.34 ലക്ഷം കോടിയായിരുന്നു.
മിഡിൽ, സീനിയർ മാനേജ്മെൻ്റ് തലത്തിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) വളർച്ചയും സാമ്പത്തിക സാഹചര്യങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ നീക്കം നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയതാണ് ഓഹരി വിപണിയിലെ കനത്ത തിരിച്ചടിക്ക് കാരണം.