
കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചുവെന്ന നടൻ നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവ് ഷംനാസിനെതിരെ പോലീസ് കേസെടുത്തു. സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ഷംനാസ് വ്യാജരേഖയുണ്ടാക്കിയെന്നും, സിനിമ തൻ്റെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് ഇത് ചെയ്തതെന്നും നിവിൻ പോളിയുടെ പരാതിയിൽ പറയുന്നു. പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ ഷംനാസ് നേരത്തെ ഒരു വഞ്ചനാ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിവിൻ പോളിയുടെ പുതിയ പരാതി. ‘മഹാവീര്യർ’ എന്ന സിനിമയുടെ സഹനിർമ്മാതാവായിരുന്നു ഷംനാസ്. ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ, നഷ്ടപരിഹാരമായി ‘ആക്ഷൻ ഹീറോ ബിജു 2’-ൻ്റെ അവകാശം നൽകാമെന്ന് പറഞ്ഞ് നിവിൻ പോളി 1.95 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു ഷംനാസിൻ്റെ ആരോപണം. എന്നാൽ, പിന്നീട് ഈ സിനിമയുടെ വിദേശ വിതരണാവകാശം മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നും ഷംനാസ് ആരോപിച്ചിരുന്നു. ഈ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
ഈ കേസിന് അടിസ്ഥാനമായ രേഖ ഷംനാസ് തൻ്റെ വ്യാജ ഒപ്പിട്ട് നിർമ്മിച്ചതാണെന്നാണ് നിവിൻ പോളി ഇപ്പോൾ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.