
കൊച്ചി: വഞ്ചനാക്കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന നിർമ്മാതാവ് ഷംനാസിന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസിന്റെ നടപടി.
‘മഹാവീര്യർ’ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ഷംനാസ്, ആ ചിത്രത്തിൽ നിന്ന് 95 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്ന് അവകാശപ്പെടുന്നു. ഇതിനുശേഷം ‘ആക്ഷൻ ഹീറോ ബിജു 2’-ൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിനും എബ്രിഡും ചേർന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
തന്റെ നിർമ്മാണക്കമ്പനിയുമായുള്ള കരാർ മറച്ചുവെച്ച് ചിത്രത്തിന്റെ വിദേശ വിതരണാവകാശം മറ്റൊരാൾക്ക് വിറ്റതിലൂടെ 1.90 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് പരാതിയിൽ പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും രേഖകളും സഹിതം സ്റ്റേഷനിൽ ഹാജരാകാനാണ് ഇരുവരോടും പോലീസ് നിർദേശിച്ചിരിക്കുന്നത്.