
തുർക്കിയിലും ഗ്രീസിലും കാട്ടുതീ അതിരൂക്ഷമായി തുടരുന്നു. ഇരുരാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഗ്രീസിൽ ഏഥൻസ് ഉൾപ്പെടെ അഞ്ച് പ്രധാന സ്ഥലങ്ങളിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശക്തമായ കാറ്റ് വീശുന്നത് തീയണയ്ക്കൽ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ആറ് അഗ്നിശമന വിമാനങ്ങൾക്കായി ഗ്രീസ് യൂറോപ്യൻ യൂണിയനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
തുർക്കിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കാട്ടുതീ വ്യാപനം ഏറ്റവും രൂക്ഷം. തെക്കൻ തുർക്കിയിൽ താപനില റെക്കോർഡ് 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്മിർ, ബിലെസിക് എന്നീ പടിഞ്ഞാറൻ പ്രവിശ്യകളെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു. ജൂൺ അവസാനം മുതൽ തുടരുന്ന കാട്ടുതീ രാജ്യത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.