
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) ആണ് മരിച്ചത്. വനത്തിൽ കന്നുകാലികളെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ ഇന്നലെ രാത്രിയോടെയാണ് കാട്ടാന ആക്രമിച്ചത്.
രാവിലെയായിട്ടും വെള്ളിങ്കിരി തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.