
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നടക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
പൊതുദർശനത്തിനായി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹം തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽനിന്ന് എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് രാത്രിയോടെ മകന്റെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് നിയമസഭയിലെ ദർബാർ ഹാളിൽ പൊതുദർശനം സംഘടിപ്പിക്കും. സാധാരണക്കാർക്കും നേതാക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടെ സൗകര്യമൊരുക്കും.
തുടർന്ന്, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.