
മുംബൈ: കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ് സംഭവം. എഐ2744 എന്ന വിമാനം റൺവേയിൽ ഇറങ്ങിയ ഉടൻ മഴ കാരണം തെന്നിമാറുകയായിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളില്ലെന്നും, എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിലെ മറ്റ് സർവീസുകൾ സാധാരണ നിലയിൽ തുടരുന്നുണ്ട്.