
പാലക്കാട്: ആലപ്പുഴ കാർത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നുവീണ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്കൂൾ കെട്ടിടങ്ങളിലും അടിയന്തരമായി സമഗ്രമായ സുരക്ഷാ പരിശോധന (സേഫ്റ്റി ഓഡിറ്റ്) നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമയബന്ധിതമായ കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം നാളെ (ജൂലൈ 22) രാവിലെ 9.30-ന് തിരുവനന്തപുരം ശിക്ഷാ സദനിൽ ചേരുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർ (ഡിഡിഇ), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റൻ്റ് ഡയറക്ടർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (ഡിഇഒ, എഇഒ), ജില്ലാ പ്രോജക്ട് ഓഫീസർമാർ, കൈറ്റ്, വിദ്യാകിരണം കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.
വ്യാപകമായ പരിശോധനകൾ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 13-ന് പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ, ജൂലൈ 25 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തും. ഓരോ ജില്ലയിലും ഡിഡിഇ, ആർഡിഡി, എഡി, ഡിഇഒ അല്ലെങ്കിൽ എഇഒ, വിദ്യാകിരണം കോർഡിനേറ്റർ, ബിആർസി ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ എന്നിവരുൾപ്പെട്ട ഏഴംഗ നിരീക്ഷണ സംഘമുണ്ടാകും. ഓരോ സംഘത്തിലും കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഉണ്ടായിരിക്കണം. പരിശോധനാ റിപ്പോർട്ട് വിശദമായി തയ്യാറാക്കി സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഓഗസ്റ്റ് 12-ന് ചേരുന്ന സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റി, പരിശോധനാ റിപ്പോർട്ടുകളും സ്വീകരിച്ച നടപടികളും വിലയിരുത്തും.
മാധ്യമങ്ങളെ തടഞ്ഞതിൽ അർത്ഥമില്ല
സംഭവസ്ഥലത്ത് റിപ്പോർട്ടിംഗിനെത്തിയ മാധ്യമപ്രവർത്തകരെ സ്കൂൾ അധികൃതരും പഞ്ചായത്ത് അംഗങ്ങളും തടഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരം നടപടികളിൽ അർത്ഥമില്ലെന്ന് മന്ത്രി പ്രതികരിച്ചു. “മാധ്യമങ്ങളെ തടഞ്ഞിട്ട് കാര്യമില്ല. ഈ വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത് മാധ്യമങ്ങളാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല,” മന്ത്രി വ്യക്തമാക്കി.
കാർത്തികപ്പള്ളി സ്കൂളിൽ ഭാഗ്യവശാൽ ക്ലാസുകൾ നടക്കാത്ത പഴയ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഞായറാഴ്ച തകർന്നുവീണത്. കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം സ്കൂളിനുണ്ട്. ക്ലാസുകൾ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റ് പ്രധാന തീരുമാനങ്ങൾ:
- ഒന്നാം പാദവാർഷിക പരീക്ഷ: ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ 29 വരെ നടത്തും. 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷകളിൽ ‘വിഷയാടിസ്ഥാനത്തിലുള്ള മിനിമം മാർക്ക്’ (സബ്ജക്ട് മിനിമം) മാനദണ്ഡം നടപ്പിലാക്കും.
- സ്കൂൾ സമയമാറ്റം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് തിരുവനന്തപുരത്ത് സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളുടെ യോഗം ചേരും