കേരള സർവകലാശാലയിലെ പ്രതിസന്ധി: സമവായത്തിന് സർക്കാർ ഇടപെടൽ; ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ സമവായ ശ്രമങ്ങൾ ആരംഭിച്ചു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ സംസാരിച്ച മന്ത്രി, ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരായ നിലപാട് മയപ്പെടുത്തി. സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർത്ഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് കഴിയില്ലെന്നും ഒരു അധ്യാപികയും അമ്മയുമാണ് താനെന്നും മന്ത്രി പറഞ്ഞു. വി.സിമാരെ വിലക്കിയിട്ടില്ല, എന്നാൽ സർവകലാശാലകളിൽ സങ്കുചിതമായ ആശയങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വി.സി ഡോ. മോഹനൻ കുന്നുമ്മൽ കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് എത്തി. വി.സിയെ തടയുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രതിഷേധം ഉണ്ടായില്ല. വി.സി എത്തിയതിന് പിന്നാലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും സർവകലാശാലയിൽ എത്തിയിരുന്നു.

പ്രശ്നപരിഹാരത്തിനായി പ്രോ-ചാൻസലർ കൂടിയായ മന്ത്രി ആർ. ബിന്ദുവും നിയമമന്ത്രി പി. രാജീവും ഗവർണറെ നേരിൽ കണ്ടേക്കുമെന്നും സൂചനയുണ്ട്. ഗവർണർ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading