
ജയ്പൂർ: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്ത കുടുംബം സഞ്ചരിച്ച വാൻ നദിയിൽ വീണ് രണ്ട് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിൽ തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പതംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച വാൻ, കഴിഞ്ഞ മൂന്ന് വർഷമായി അടച്ചിട്ടിരുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് എത്തുകയായിരുന്നു. സമീപത്തെ മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട വാൻ പാലത്തിൽ നിന്ന് നദിയിലേക്ക് ഒലിച്ചുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട വാനിലുണ്ടായിരുന്ന ഒമ്പത് പേരിൽ അഞ്ച് പേർ വാഹനത്തിന് മുകളിൽ കയറി രക്ഷപ്പെട്ടു. ഇവർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കണ്ണടച്ച് വിശ്വസിക്കരുത്, മുന്നറിയിപ്പുമായി വിദഗ്ധർ
ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷൻ ആപ്പുകളെ പൂർണ്ണമായി ആശ്രയിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
- റോഡ് പണി, പാലം തകർച്ച, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലം അടച്ചിട്ട വഴികൾ പലപ്പോഴും മാപ്പിൽ അപ്ഡേറ്റ് ചെയ്യപ്പെടാൻ വൈകും.
- ജിപിഎസ് സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ നെറ്റ്‌വർക്ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ മാപ്പ് തെറ്റായ നിർദ്ദേശങ്ങൾ നൽകാൻ സാധ്യതയുണ്ട്.
- അതുകൊണ്ട്, അപരിചിതമായ വഴികളിലൂടെ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ, മാപ്പിനെ മാത്രം ആശ്രയിക്കാതെ പ്രാദേശിക സാഹചര്യങ്ങൾ കൂടി വിലയിരുത്തണമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.